"" പുല്ലൂര്‍: ഉപവാസം: എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധമിരമ്പി

ഉപവാസം: എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധമിരമ്പി


Posted on: 25 Apr 2011



തിരുവനന്തപുരം: സംസ്ഥാനമെങ്ങും മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാനെതിരായ പ്രതിഷേധം ഇരമ്പി. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് ഉപവാസ സമരം നടത്തി. എന്‍ഡോസള്‍ഫാനെതിരെ ജില്ലാ ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച ഉപവാസ സമരങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി ഉപവാസ സമരം നടത്തിയത്. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ ആയിരുന്നു ഉപവാസം. കവയത്രി സുഗതകുമാരി നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ക്ക് പുറമെ ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍, സുഗതകുമാരി, കത്തോലിക്കാ ബാവ ബസേലിയോസ് മാര്‍ ക്ലിമ്മിസ് എന്നിവര്‍ ഉപവാസത്തില്‍ പങ്കെടുത്തു. ശില്‍പി കാനായി കുഞ്ഞിരാമന്‍ , നടന്‍ സുരേഷ്‌ഗോപി എന്നിവരും ഉപവാസത്തില്‍ പങ്കെടുത്തു.

കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്റെ ദുരിതം അനുഭവിക്കുന്ന ഷാഹിനയ്ക്ക് ഉദ്ഘാടനച്ചടങ്ങില്‍ എത്താനായില്ല. കേന്ദ്രത്തിനെതിരെ ഉപവാസം പ്രഖ്യാപിച്ച മുഖ്യമന്ത്രി വിഷയം രാഷ്ട്രീയവത്കരിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഉപവാസത്തില്‍ പങ്കെടുത്തില്ല.

എല്ലാവരും മരിച്ചുകഴിഞ്ഞാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഖേദകരമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളെ ഇത്രമേല്‍ ദോഷകരമായി ബാധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്താത്തത് ചില ഘടകകക്ഷി നേതാക്കളുടെ പിടിവാശിക്ക് വഴങ്ങിയാണ്. കേരളത്തിലെ യു.ഡി.എഫ് പോലും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായി കണ്ട് പരിഹാരംമാര്‍ഗം കണ്ടെത്തണംമുഖ്യമന്ത്രി ആവശ്യപ്പെട്ടു.