"" പുല്ലൂര്‍: മേയ് 2011

2011, മേയ് 25, ബുധനാഴ്‌ച

നെറ്റില്‍ സ്വന്തമായി രണ്ടു സെന്റ്‌

Posted on: 22 Feb 2011

-ബി.എസ്. ബിമിനിത്‌


കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട് പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി വേണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം സൗജന്യ ക്ലൗഡ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തമായി 'രണ്ടു സെന്റ്' ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും. മറ്റുള്ളവരെപോലെ കാശുകൊടുക്കാതെ സ്വന്തമായി രണ്ടു ജി.ബി. സ്ഥലം നല്‍കുന്ന സേവനമല്ല ഡ്രോപ്‌ബോക്‌സ്. ഓഫീസിലെയോ വീട്ടിലെയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട് ഫോണില്‍നിന്നോ പുതിയ ഫയലുകള്‍ സമയാസമയം നെറ്റിലെ 'ഡ്രോപ് ബോക്‌സി'ല്‍ കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ് അതിനെ സൂപ്പര്‍ ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട ഡാറ്റ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിങ് സര്‍വീസാണ് ഡ്രോപ്പ്‌ബോക്‌സ് എന്ന് ചുരുക്കം.

ആദ്യം http://www.dropbox.com/എന്ന ഔദ്യോഗിക സൈറ്റില്‍നിന്ന് ചെറിയ ഒരു പ്രോഗ്രാം നമ്മുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കാനുള്ള അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍ രണ്ടു ജി.ബി സൗജന്യസേവനം സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍ അമ്പതു ജി.ബിയും 19.99 ഡോളര്‍ കൊടുത്താല്‍ നൂറു ജി.ബിയും കിട്ടും.

ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുന്നതോടെ സാധാരണയായി മൈ ഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും. ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന പുതിയ ഫയലുകളെല്ലാം അതതു സമയങ്ങളില്‍ നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ സ്വന്തം സ്ഥലത്തേക്ക് അപ്‌ലോഡു ചെയ്തു കൊണ്ടിരിക്കും. ഓരോ സമയവും ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിങ് സൈറ്റുകളിലേക്ക് അപ്‌ലോഡു ചെയ്യുന്നതിനുപകരം ഡ്രോപ്‌ബോക്‌സ് അതതുസമയങ്ങളില്‍ ബുദ്ധിയുപയോഗിച്ച് ആ പണി ചെയ്തു കൊള്ളും.

അപ്‌ലോഡു ചെയ്ത ഫയലുകള്‍ ലഭിക്കണമെങ്കില്‍ www.dropbox.com ല്‍ ചെന്ന് ഇമെയില്‍ അഡ്രസ്സും പാസ്‌വേഡും ഉപയോഗിച്ചു തുറന്നു നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.

വീട്ടിലെയും ഓഫീസിലെയുമൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍ ഇനി പെന്‍ഡ്രൈവിലും സി.ഡി.യിലുമാക്കി ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ് ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനിലോ കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍ കണ്ടാലും അവ കംപ്യൂട്ടറിലെയും നെറ്റിലെയും മൊബൈലിലെയും എല്ലാ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറുകളിലും പൊതുവായി കൈമാറുന്ന സിങ്ക്രണൈസിങ് (Synchronize) മാജിക്കാണ് ഇത്.

സാധാരണഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടേണ്ടിവരുമെന്ന ചെറിയ ഒരു ന്യൂനതയുണ്ടിതിന്. അതിനും ചെറിയൊരു വിദ്യ ചില അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് Dropbox Shell Tools v0.1.1 എന്ന ഒരു പ്ലഗ് ഇന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതുഫയലും റൈറ്റ്ക്ലിക്ക് ചെയ്ത് ഡ്രോപ് ബോക്‌സിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത് ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകള്‍ ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.

സൗജന്യമായി കിട്ടുന്ന രണ്ടു ജി.ബി. ചുരുങ്ങിയത് മൂന്നു ജി.ബി.യായി കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മുടെ കൂട്ടുകാരെ കൂടി ശല്യം ചെയ്യണമെന്നു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dropbox.com/free ല്‍ ഒന്നു കയറി നോക്കിയാല്‍ മതി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഡ്രോപ്‌ബോക്‌സ് കണക്ടുചെയ്താല്‍ 128 എം.ബി. സ്‌പേയ്‌സ് കൂടി ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ ഫോളോ ചെയ്യുകയും അവര്‍ക്ക് ഒരു ഫീഡ്ബാക്ക് നല്‍കുകയും ചെയ്താല്‍ അത്രയും കൂടി കിട്ടും, പോരെ!!

കണ്ണ് മതി, കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം

Posted on: 26 Mar 2011





മൗസിന്റെ സഹായത്തോടെ കൈ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ എങ്ങനെയാണോ നിയന്ത്രിക്കുന്നത്, അതേ രീതിയില്‍ കണ്ണുകൊണ്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കാര്യങ്ങള്‍ ചെയ്യാനുള്ള സങ്കേതവുമായി രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. പൂണെയ്ക്ക് സമീപം ലോണാവാലയില്‍ പ്രവര്‍ത്തിക്കുന്ന സിങ്ഹാദ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളായ നിതിന്‍ പ്രകാശും സുമിത് കുമാറുമാണ് പുതിയ സങ്കേതം വികസിപ്പിച്ചതെന്ന് 'ടെക്‌നോളജി റിവ്യു' റിപ്പോര്‍ട്ട് ചെയ്യുന്നു.

ലളിതമായ ഒരു ഹെഡ്‌സെറ്റ് ഉള്‍പ്പെട്ട കണ്‍സോളിനാണ് ഇരുവരും ചേര്‍ന്ന് രൂപംനല്‍കിയിട്ടുള്ളത്. കണ്ണിന്റെ ചലനങ്ങള്‍ പിന്തുടരാനും അതിനനുസരിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും (ഇന്റര്‍ഫെയ്‌സിങ് നടത്താനും) സഹായിക്കുന്ന സോഫ്ട്‌വേറുമായി ചേര്‍ന്നാണ് ഈ കണ്‍സോള്‍ പ്രവര്‍ത്തിക്കുക. 'സ്‌നാപ്പ് ഐ-റൈറ്റര്‍ (SNAP eyewriter) എന്ന് പേരിട്ടിട്ടുള്ള ഈ സംവിധാനം, രോഗമോ അപകടമോ മൂലം കൈകാലുകള്‍ തളര്‍ന്നവര്‍ക്ക് വലിയ സാഹയമാകും.

മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ ഇന്ത്യക്കാരനായ യുവഗവേഷകന്‍ പ്രണവ് മിസ്ട്രി വികസിപ്പിച്ച 'സിക്‌സ്ത് സെന്‍സ്' (sixth sense) എന്ന സങ്കേതത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് 22 കാരനായ നിതിനും സുമിത്തും സ്‌നാപ്പ് ഐ-റൈറ്റര്‍ രൂപപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് പകരം സ്വന്തം ചുറ്റുപാടുകളെ തന്നെ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ആയി മാറ്റാന്‍ സഹായിക്കുന്ന സങ്കേതമാണ് സിക്‌സ്ത് സെന്‍സ്.


സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തില്‍ ചെലവു കുറഞ്ഞ പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുക എന്നതായിരുന്നു ഇലിക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ നിതിനും, ടെലികമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിയായ സുമിത്തും ലക്ഷ്യമിട്ടത്. ശരീരം തളര്‍ന്ന അവസ്ഥയിലുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വരയ്ക്കാന്‍ കഴിയുന്ന സങ്കേതം വികസിപ്പിച്ച എന്‍ജിനിയര്‍ ജെയിംസ് പൗഡര്‍ലിയെ കണ്ടതാണ് ഇരുവരുടെയും കാര്യത്തില്‍ വഴിത്തിരിവായത്.

പൗഡര്‍ലി രൂപപ്പെടുത്തിയ ഉപകരണത്തിന് 17000 ഡോളര്‍ (ഏഴരലക്ഷം രൂപയില്‍ കൂടുതല്‍) ആണ് വില. പൗഡര്‍ലിയുടെ ഉപകരണത്തിന്റെ ചെലവു കുറഞ്ഞ വകഭേദം രൂപപ്പെടുത്താനായി ഇരുവരുടെയും പിന്നീടുള്ള ശ്രമം. കമ്പ്യൂട്ടറിലെ ഐക്കണുകളെ ലക്ഷ്യമിടാനോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എഴുതാനോ പാകത്തില്‍ കണ്ണിനെ ഒരു സമ്പര്‍ക്കമുഖമാക്കി ഉപയോഗിക്കുന്ന തരത്തിലാണ് ഇരുവരും ചേര്‍ന്ന് ഐ-റൈറ്റര്‍ രൂപപ്പെടുത്തിയത്. ചെലവു കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് വികസിപ്പിച്ച ഐ-റൈറ്റര്‍ക്ക് വെറും 750 രൂപയേ ചെലവ് വരൂ.

'ഈ ഉപകരണം ധരിക്കുന്ന ഒരാള്‍ക്ക് കണ്ണ് കൊണ്ടുമാത്രം മൗസിനെ നിയന്ത്രിക്കാനാകും'-സുമിത് കുമാര്‍ പറയുന്നു. ഉന്നത റിസല്യൂഷനിലുള്ള ഒരു ക്യാമറ, രണ്ട് എല്‍.ഇ.ഡി (light-emitting diodes), കണ്ണട ഫ്രെയിം, ഇന്‍ഫ്രാറെഡ് ഫില്‍റ്ററുകള്‍, ചെമ്പ് വയറുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഐ-റൈറ്റര്‍.

ഇതുപയോഗിക്കുമ്പോള്‍, കണ്ണിന്റെ ചലനങ്ങളെ സോഫ്ട്‌വേര്‍ കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുകയും ചെയ്യും. ഐ-ട്രാക്കിങ് സോഫ്ട്‌വേറിന് രണ്ട് ഭാഗങ്ങളുണ്ട്-കണ്ണിന്റെ ചലനങ്ങള്‍ പിന്തുടരുന്നതാണ് ഒരു ഭാഗം. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എഴുതാനും മറ്റും സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഭാഗം മറ്റൊന്ന്.

വാണിജ്യാടിസ്ഥാനത്തില്‍ ഈ കണ്‍സോള്‍ നിര്‍മിച്ച് രംഗത്തിറക്കാനാണ് ഇരുവരും പദ്ധതിയിടുന്നത്. കണ്ടുപിടിത്തം പേറ്റന്റ് ചെയ്യാനുള്ള നടപടിയും ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വംശവൃക്ഷം നട്ടുവളര്‍ത്താനും ഇന്റര്‍നെറ്റ്‌


Posted on: 24 May 2011

-യാസിര്‍ ഫയാസ്‌


കഴിഞ്ഞ നവംബറിലായിരുന്നു അത്. ലോറല്‍ ആക്‌സ്‌ലോര്‍ഡ് എന്ന അമേരിക്കക്കാരി വീട്ടമ്മയ്ക്ക് ഒരു പൂതി. തന്റെ പ്രിയപ്പെട്ട കുട്ടികളുടെ അച്ഛന് അദ്ദേഹത്തിന്റെ മാതാവിനെ കണ്ടുപിടിച്ചു കൊടുക്കണം. ജന്മം നല്‍കിയ അമ്മ ആരെന്ന് ഇന്നുവരെ അറിയാത്ത ദത്തുപുത്രനായ ഭര്‍ത്താവിന് തന്നെക്കൊണ്ട് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും അതെന്ന് അവര്‍ക്കുറപ്പായിരുന്നു. കുഞ്ഞുന്നാളിലേ ദത്തെടുത്ത് വളര്‍ത്തപ്പെട്ടയാളാണ് ഭര്‍ത്താവ് നിക്കോളാസ്. പിന്നീട് ഇംഗള്ണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത അമ്മായി അമ്മയെ എങ്ങിനെ, എവിടെ പോയി കണ്ട് പിടിച്ചുകൊടുക്കും?

വസ്ത്രം മാറി നേരെ ഭര്‍ത്താവിന്റെ ജന്മനാട്ടിലേക്ക് വണ്ടിപിടിക്കുകയല്ല അവര്‍ ചെയ്തത്. കുന്തം പോയാല്‍ ഇന്റര്‍നെറ്റിലും തപ്പണം എന്നാണല്ലോ പുതിയ ചൊല്ല്. അതുകൊണ്ട് ഉള്ള വിവരങ്ങളുമായി നേരെ ഇന്റര്‍നെറ്റില്‍ കയറി. ആന്‍സെസ്ട്രി .ഡോട്ട് കോം എന്ന സൈറ്റില്‍ ഒരു അന്വേഷണത്തിന് രജിസ്റ്റര്‍ ചെയ്തു. രണ്ടേ രണ്ട് മണിക്കൂര്‍ കൊണ്ട് അന്വേഷണം പല പല സൈറ്റുകള്‍ കടന്ന് ഫെയ്‌സ്ബുക്കിലെത്തി. ഒടുവില്‍ ദാ നില്‍ക്കുന്നു ഫെയ്‌സ്ബുക്കിന്റെ ഓരത്ത് പോസ്റ്റിക്കൊണ്ട് തന്റെ ഒറിജിനല്‍ അമ്മായി അമ്മ! പിന്നെ നിക്കോളാസിന് തന്റെ അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ ഒരാഴ്ച പോലും വേണ്ടി വന്നില്ല. ഈ അവധിക്കാലത്ത് നിക്കോളാസും കുടുംബവും കാലിഫോര്‍ണിയയില്‍ നിന്ന് ഇംഗഌണ്ടില്‍ പറന്നെത്തി അമ്മയൊടൊത്ത് കുറേ ദിവസങ്ങള്‍ ചിലവഴിക്കുകയും ചെയ്തു.

നാല്‍പതുകാരനായ നിക്കേളാസ് ഒരു ദശകം മുമ്പും അമ്മയെ കണ്ടെത്താന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ. പക്ഷേ പല പല കാരണങ്ങള്‍ കൊണ്ട് അത് തടസ്സപ്പെടുകയായിരുന്നു. സ്വകാര്യ അന്വേഷകരെ ഉപയോഗിച്ച് പൂര്‍വികരെ കണ്ടെത്താനുള്ള സംവിധാനങ്ങളും പണ്ടേ വിദേശങ്ങളിലുണ്ട്. അതിനെക്കുറിച്ചും അയാള്‍ ആലോചിച്ചിരുന്നു. പക്ഷേ വമ്പിച്ച പണച്ചെലവും കാലതാമസവും അവിടെയും തടസ്സമാവുകയായിരുന്നു.

സര്‍വവ്യാപിയായിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് എന്ന മഹാത്ഭുതത്തിന്റെ ഏറ്റവും പുതിയ ദിവ്യാത്ഭുതമായി മാറിക്കൊണ്ടിരിക്കുകയാണ് ആന്‍സെസ്ട്രി വെബ്‌സൈറ്റുകള്‍. തന്തയെയും തള്ളയെയും തിരഞ്ഞും വംശവൃക്ഷം തേടിയും അലയുന്ന പാശ്ചാത്യരുടെ പുതിയ താവളമാണിന്ന് അവ. ancestry.com, familylink.com, geni.com. തുടങ്ങിയ സൈറ്റുകളിലെ ഡിജിറ്റലൈസ് ചെയ്ത് വന്‍ വിവരശേഖരമാണ് അപ്പനപ്പൂന്മാരെ തേടിയുള്ള അന്വേഷണ യാത്രകള്‍ എളുപ്പമാക്കുന്നത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അറിയാത്ത ബന്ധുക്കളെ തേടിയുള്ള പുതുതലമുറയുടെ അന്വേഷണത്തിന് ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സഹായകരമാവുന്നുണ്ട്. ചിലപ്പോള്‍ കുറച്ച് കഌക്കുകള്‍ കൊണ്ട് തന്നെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബന്ധുക്കളുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. അല്ലെങ്കില്‍ പാതിവഴിയോളമെങ്കിലും തായ്‌വഴി കണ്ടെത്താനാവും. എന്തായാലും രസമാണ് സംഗതി.

സര്‍ക്കാര്‍ സംവിധാനങ്ങളിലെ വ്യക്തികളുടെ സകല വിവരങ്ങളും ഓട്ടോമേറ്റഡ് ആയതും ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെയും വന്‍പ്രചാരവുമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ വംശവൃക്ഷം തിരയാന്‍ സഹായിക്കുന്ന സൈറ്റുകളെ കൂടുതല്‍ ജനപ്രിയമാക്കിയത്. ചെറിയ പണം കൊടുത്ത് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഇത്തരം സൈറ്റുകള്‍ അന്വേഷണം നടത്തി പരമാവധി വിവരങ്ങള്‍ ശേഖരിച്ച് നല്‍കും. കുടുംബപ്പേരും പുരാരേഖകളും കയ്യിലുണ്ടെങ്കില്‍ തിരച്ചില്‍ എളുപ്പവുമാകും. മരിച്ചുപോയ പൂര്‍വികരെ കണ്ടെത്താന്‍ മാത്രമല്ല, ജീവിച്ചിരിക്കുന്നവരും എന്നാല്‍ അറിയാത്തവരുമായ ബന്ധുക്കളെ കണ്ടെത്താനും അവരുമായി സമ്പര്‍ക്കം സ്ഥാപിക്കാനും 16 ലക്ഷത്തിലധികം അംഗങ്ങളുള്ളതും ഈ രംഗത്തെ മുന്‍ നിരക്കാരുമായ ആന്‍സെസ്ട്രി ഡോട്ട് കോം അവസരം ഒരുക്കുന്നുണ്ട്.

വിക്കി ട്രീ

വിവര സാങ്കേതികവിദ്യയുടെ കേന്ദ്രീകരണത്തോടെയാണ് ആളുകളില്‍ വംശാവലി തേടാനുള്ള താല്‍പര്യം വര്‍ധിച്ചതെന്നാണ് കരുതപ്പെടുന്നത്. ആദ്യം സോഫ്ട്‌വേറുകള്‍ വന്നു, പിന്നീട് ഇന്റര്‍നെറ്റും, ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും. സാമൂഹികമായ ഇടപെടലുകള്‍ക്കും കൂടിച്ചേരലുകള്‍ക്കുമായി ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും എത്തുന്നവരില്‍ വലിയൊരു പങ്കും ഇന്ന് വംശവൃക്ഷം തേടാന്‍ സഹായിക്കുന്ന ഇത്തരം സൈറ്റുകളിലെത്തുന്നുണ്ട്. ഇത്തരത്തില്‍ 2008 ല്‍ ആരംഭിച്ച വിക്കി ട്രീ ഡോട്ട് കോം വ്യക്തികളുടെ കുടുംബചരിത്ര വിവരങ്ങള്‍ ലോക കുടുംബചരിത്രത്തോട് ചേര്‍ത്ത് വെക്കാന്‍ സൗജന്യമായി അവസരമൊരുക്കുന്ന വെബ്‌സൈറ്റാണ്. വിക്കി ട്രീയിലെ ഒരോ പ്രൊഫൈല്‍ പേജിലും വിവരങ്ങള്‍ പങ്കുവെക്കാനും സ്വകാര്യമായി സൂക്ഷിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. ഇതുവരെ സൈറ്റിലെ 27000 അംഗങ്ങള്‍ 14 ലക്ഷം പ്രൊഫൈല്‍ പേജുകളുണ്ടാക്കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും വിക്കീ ട്രീയിലുണ്ട്.

എന്നുവെച്ച് എല്ലാ അന്വേഷണങ്ങളും വിജയിച്ചുകൊള്ളണമെന്നുമില്ല. ആവശ്യമായ വിവരങ്ങളുടെ അഭാവത്തില്‍ അന്വേഷണം ഇടയ്ക്ക് വെച്ച് തടസ്സപ്പെടുകയും ചെയ്യാറുണ്ട്. വംശാവലി തേടിയുള്ള അന്വേഷണം പൊടുന്നനെ ഉത്തരം കിട്ടാതെ അവസാനിക്കുമ്പോള്‍ അംഗത്തിന്റെ ബന്ധുക്കളോടും മറ്റും പ്രസക്തമായ ചോദ്യങ്ങള്‍ ചോദിച്ച് ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളും മറ്റും കണ്ടെത്തി അവ വ്യക്തിവിവരങ്ങളോട് ചേര്‍ത്ത് ഇഴപൊട്ടിപ്പോയ കണ്ണികളെ ചേര്‍ക്കാനും അന്വേഷണം തുടരാനുമുള്ള അധിക സൗകര്യം tpstry.com പോലുള്ള സൈറ്റുകളിലുണ്ട്. ആളുകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, നാള്‍വഴി തുടങ്ങിയവ ചേര്‍ത്ത് ഉണ്ടാക്കുന്ന കുടുംബ ഓര്‍മകളുടെ ഡിജിറ്റല്‍ ആല്‍ബവും ഈ സൈറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഫൂട്ട്‌നോട്ട് ഡോട്ട് കോം, വിന്റേജ് എരിയല്‍ ഡോട്ട് കോം തുടങ്ങിയ സൈറ്റുകളിലൊക്കെ ധാരാളം ചരിത്രവിവരങ്ങള്‍ നല്‍കുന്നുണ്ട്.

വംശവൃക്ഷം തിരയാന്‍ സൗകര്യമൊരുക്കുന്ന സൈറ്റുകളില്‍ ചിലത് തികച്ചും സൗജന്യമായും മറ്റു ചിലവ ചെറിയ ഫീസ് ഈടാക്കിയുമാണ് സേവനം നല്‍കുന്നത്. കുടുംബ വൃക്ഷം തേടുന്ന കളികളും പരിപാടികളും ഒക്കെ ഇന്റര്‍നെറ്റിലും മൊബൈലിലും നേരത്തേ തന്നെ എത്തിയിരുന്നു. സിവില്‍ വാറിന്റെ 150 ാം വാര്‍ഷികാഘോഷങ്ങളും എന്‍ ബി സി ചാനലിലെ താരങ്ങളുടെ പൂര്‍വികരെ കണ്ടെത്താനുള്ള ഷോയും(who do you think you are?)യും ആരംഭിച്ചതോടെ അമേരിക്കയില്‍ വംശവൃക്ഷം തിരയല്‍ യുവാക്കള്‍ക്കിടയില്‍ ക്രെയ്‌സായിരിക്കുകയാണ്.

വംശവൃക്ഷം ഉണ്ടാക്കി കളിക്കാം

തമാശയ്ക്കായി വംശവൃക്ഷം ഉണ്ടാക്കി കളിക്കാന്‍ സഹായിക്കുന്ന ഗെയിം സൈറ്റുകളുമുണ്ട്. ഉദാഹരണത്തിന് ഫാമിലി വില്ലേജ് ഗെയിം എന്ന സൈറ്റില്‍ പൂര്‍വികരെ ഉണ്ടാക്കാനും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഗെയിം കളിക്കാനും കഴിയും. ഗ്രാമങ്ങള്‍ ഉണ്ടാക്കാനും ഭാഗ്യങ്ങള്‍ നേടാനും വീടും കാറുമൊക്കെ വാങ്ങാനും കുടുംബാംഗങ്ങള്‍ക്കൊക്കെ ഓരോ ജോലികള്‍ ചുമതലപ്പെടുത്തി വീട് ഭരിക്കാനുമൊക്കെ വംശവൃക്ഷം തിരയുന്ന ഇത്തരം കളിയില്‍ കഴിയും. ഗ്രാമം വളരുന്നതിനനുസരിച്ച് നിങ്ങളുടെ സാങ്കല്‍പിക അംഗങ്ങളുടെ വിവരങ്ങള്‍, സെന്‍സസ് രേഖകള്‍, വാര്‍ത്താ കട്ടിങ്ങുകള്‍, വിവാഹരേഖകള്‍ തുടങ്ങിയവയൊക്കെ ശേഖരിക്കാനും ഗെയിമിലെ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിക്കാനും കഴിയും. വംശചരിത്രത്തില്‍ താല്‍പര്യമില്ലാത്ത യുവാക്കള്‍ക്ക് സ്വന്തം പൂര്‍വ ചരിത്രം തിരയാനും, പുരാവസ്തുക്കള്‍ ശേഖരിക്കാനും ഇത്തരം കളികള്‍ പ്രേരകമാവുന്നുണ്ട്.

കല്ലറയിലും ഇനി ക്യു ആര്‍ കോഡ്

മരിച്ചവര്‍ കല്ലറകളില്‍ നിന്ന് സംസാരിക്കുന്നതും വിദൂരമല്ല എന്നാണ് ഈ രംഗത്തെ പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ഫൂട്ട് പ്രിന്റ്‌സ് എന്ന ആധുനിക സ്‌കാനിങ് സംവിധാനം ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതും കല്ലറയില്‍ പതിപ്പിച്ച് വെക്കാവുന്നതുമായ ചെറു പഌക്കാഡാണ് അവയിലിലൊന്ന്. മരണപ്പെട്ടയാളുടെ ജീവചരിത്രം, ചിത്രങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്കുള്ള കണക്ഷന്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ ചെറുകാര്‍ഡുകള്‍. ക്യു ആര്‍ കോഡുള്ള ഈ ചെറുകാര്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വായിച്ച് കല്ലറ സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യക്തിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അപ്പോള്‍തന്നെ അറിയാനാവും. ടൈംലെസ് ഫൂട്ട്‌സ്റ്റെപ്‌സഎന്ന കമ്പനിയാണ് ഈ ചെറുകാര്‍ഡ് വികസിപ്പിച്ചെടുത്തത്.